അഞ്ചു കൊല്ലം മുമ്പാണ് ഉമ്മാക്ക വയ്യാതെയാകുന്നത്. നിർത്താതെയുള്ള ഫോൺ വിളിയാണ് എന്റെ ഉറക്കമുണർത്തിയത്. വീട്ടിൽനിന്നായിരുന്നു. ഉമ്മാക്ക് ഛർദിയും കടുത്ത പനിയും. വേഗം നാട്ടിലെത്തണം എന്ന്. ഉടനിറങ്ങി. ഏഴരക്കുള്ള ഇന്റർസിറ്റി പിടിച്ചു. ഒരു പനിയും ഛർദിക്കും വേണ്ടി ഇത്ര തിരക്കുപിടിച്ച് വരാൻ പറയില്ല. ഇന്റർസിറ്റിയുടെ വേഗതയെ കവച്ചുവെച്ച് എന്റെയുള്ളയിൽനിന്ന് ആന്തലുയരാൻ തുടങ്ങി. യാത്രയിലുടനീളം തീരെ കാണാൻ ആഗ്രഹിക്കാത്ത കുറെ കാഴ്ചകൾ മനസ്സിലൂടെ മിന്നി മറയുന്നുണ്ടായിരുന്നു. എത്ര പിടിച്ചു നിർത്തിയിട്ടും കരച്ചില് അടങ്ങുന്നില്ല. യാത്രക്കാരുടെ മുന്നിലിരുന്ന് ഒരു കുട്ടിയെ പോലെ തിരൂർ വരെ തേങ്ങി തേങ്ങി കരഞ്ഞു കൊണ്ടിരുന്നു. കോട്ടക്കലേക്കുള്ള ബസിൽ ഇരുന്നു ആശുപത്രി വരെ എങ്ങനെ എത്തി എന്ന് ഒരു പിടിയുമില്ല. ഐ.സി.യുവിന് മുന്നിൽ ഇക്കാക്ക നിർവികാരനായി നിൽക്കുന്നു. രോഗിയെ കാണാൻ ഒരേസമയം ഒരാൾക്ക് മാത്രം എന്ന ആനുകൂല്യം ഞാൻ ചോദിച്ചുവാങ്ങി.
ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ ഉമ്മ അനങ്ങാതെ കിടക്കുന്നു. എന്നെ നോക്കി ചിരിച്ചു. ഒരുപാട് സംസാരിപ്പിക്കരുത് എന്ന് നിർദേശമുള്ളതു കൊണ്ട് ഞാൻ വേഗം ഇറങ്ങി. നടക്കുമ്പോൾ പിന്നിൽ നിന്നൊരു വിളി. ആരാ ഹബീബ? പേഷ്യന്റ് വിളിക്കുന്നു. എന്തോ പറയാനുണ്ടെന്ന്.
ഞാൻ സർവ ശക്തിയുമെടുത്തു
ഒരൊറ്റ ഓട്ടം ആയിരുന്നു. ഉമ്മാന്റെ അടുത്തേക്ക്. എന്റെ ഉമ്മാക്ക് എന്നോട് മാത്രമായി എന്തൊക്കെയോ പറയാനുണ്ട്. അതിനി എന്ത് വലിയ ആഗ്രഹം ആയാലും ഞാൻ നടത്തി കൊടുക്കും.
അടുത്തത്തി കിതപ്പോടെ ഞാൻ ചോദിച്ചു.
ന്താ മ്മാ.... എന്താണെങ്കിലും പറഞ്ഞോളിൻ... ഞാൻ നടത്തിത്തരും.
കുറച്ചുനേരം മുഖത്തേക്ക് തന്നെ നോക്കി പതിഞ്ഞ സ്വരത്തിൽ ഉമ്മ പറഞ്ഞു..
'ആ പിന്നേയ്, ജ്ജ് ആ കോഴിക്കൂടൊന്നു തൊറന്നു കൊടുത്തിട്ട് അയിറ്റങ്ങൾക്ക് കൊർച് അരി ഇട്ട് കൊടുക്കണം .. വേം ചെല്ല്'
കുറച്ച് നേരത്തേക്ക് നഴ്സുമാരുടെ പൊട്ടിച്ചിരി ആയിരുന്നു...
ഇന്ന് ലോക ഹൃദയദിനം..
ഉമ്മയാണെന്റെ ഹൃദയം...